കോഴിക്കോട്: പണം നൽകിയാൽ സംസ്ഥാന മന്ത്രിസഭയിൽ അംഗമാക്കാമെന്ന വാഗ്ദാനവുമായി എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണന് വ്യാജ ഫോൺ സന്ദേശം. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നുമായിരുന്നു വാട്സാപ്പ് കോൾ വിളിച്ച ആൾ പറഞ്ഞത്.
വയനാട് എംപിയുടെ ഓഫീസിൽ നിന്നാണെന്ന വ്യാജേനയാണ് തട്ടിപ്പുകാരൻ സംസാരിച്ചത്. സംഭവത്തിൽ എംഎൽഎ സൈബർ സെല്ലിൽ പരാതി നൽകി. ഈ മാസം ആറിനാണ് വിദ്യ ബാലകൃഷ്ണന് ദുരൂഹമായ വാട്സാപ്പ് കോൾ ലഭിച്ചത്. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്നാണ് വിളിക്കുന്നതെന്നും രാജ്കുമാർ എന്നാണ് പേരെന്നുമാണ് തട്ടിപ്പുകാരൻ പരിചയപ്പെടുത്തിയത്.
കേരളത്തിലെ ഒരു എംപിയാണ് വിദ്യ ബാലകൃഷ്ണന്റെ ഫോൺ നമ്പർ നൽകിയതെന്നും അയാൾ അവകാശപ്പെട്ടു. എന്നാൽ തട്ടിപ്പ് മണത്തറിഞ്ഞ എംഎൽഎ, പണം നൽകാമെന്ന് തട്ടിപ്പുകാരനോട് സമ്മതിച്ചു.
തുടർന്ന്, തട്ടിപ്പുകാരൻ പറഞ്ഞ എംപിയെ വിദ്യ ബാലകൃഷ്ണൻ നേരിട്ട് വിളിച്ച് കാര്യങ്ങൾ തിരക്കി. എഐസിസി ആസ്ഥാനത്ത് നിന്നാണെന്ന് പറഞ്ഞ് ഒരാൾ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും ജില്ലയിലെ രണ്ട് എംഎൽഎമാരുടെ നമ്പർ കൈമാറിയിരുന്നുവെന്നും ഈ എംപി സ്ഥിരീകരിച്ചു.
ഇതോടെ സംശയം ബലപ്പെട്ട ഇരുവരും വയനാട് എംപിയുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ടു. ഓഫീസിൽ നിന്ന് അത്തരം കോളുകളൊന്നും പോയിട്ടില്ലെന്ന് വ്യക്തമായതോടെയാണ് ഈ മാസം 11-ന് എംഎൽഎ സൈബർ സെല്ലിനെ സമീപിച്ചത്. പ്രാഥമിക അന്വേഷണത്തിൽ ഡൽഹിയിൽ നിന്നാണ് വ്യാജ കോൾ വന്നതെന്ന് സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.